തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന പോലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണവും നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.
നേരത്തെ പ്രഖ്യാപിച്ച ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 267 പേര്‍ക്കാണ് ഇത്തവണ പോലീസ് മെഡലുള്ളത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വിതരണം ചെയ്യുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരായിരുന്നു പോലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപിവരെയുള്ളവരെയാണ് പോലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബര്‍ അന്വേഷണം, ബറ്റാലിയന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.
Be the first to comment