‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്‌നാട്ടില്‍ ഡിസ്ട്രിബ്യൂഷനായി ചോദിച്ചപ്പോള്‍ 15 കോടി ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ് ജി ധനഞ്ജയന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഡിസ്ട്രിബ്യൂഷനായി ചോദിച്ചപ്പോള്‍ 15 കോടി ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി മാറിയതാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്നാണ് അദ്ദേഹം പറയുന്നത്. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് നിര്‍മ്മാതാവായ വൈശാഖ് സുബ്രഹ്മണ്യം അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു.

‘മഞ്ഞുമ്മല്‍ ബോയ്‌സ് സൂപ്പറായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസൻ്റെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ട്രെയിലര്‍ കാണുന്നത്. അത് എനിക്ക് ഇഷ്ടപ്പെട്ടു. തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിൻ്റെ നിര്‍മ്മാതാവിനെ വിളിച്ചു. സിനിമ എനിക്കു വേണമെന്നും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് പറഞ്ഞത്. റീസണബിളായ ഒരു പൈസ പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സിന് 13- 14 കോടി രൂപയാണ് കൊടുത്തത്. ഇതിന് 15 കോടി തന്നാല്‍ നല്‍കാമെന്നാണ് പറഞ്ഞത്. മലയാളത്തില്‍ പറഞ്ഞതുകൊണ്ട് ആദ്യം എനിക്ക് മനസിലായില്ല. 15 ആണോ 1.5 ആണോ എന്ന് ഞാന്‍ എടുത്ത് ചോദിച്ചു. 15 കോടിയാണ് എന്ന് പറഞ്ഞു. ആരെങ്കിലും 15 കോടി തന്നാല്‍ കൊടുത്തേക്കാന്‍ ഞാന്‍ പറഞ്ഞു.’

മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു അത്ഭുതമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെയാകില്ല മറ്റ് സിനിമകള്‍. മലയാളം സിനിമകള്‍ക്ക് ഒരു കോടി നല്‍കുന്നതുതന്നെ അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാനിത് എൻ്റെ ഡിസ്ട്രിബ്യൂട്ടര്‍ ടീമില്‍ സംസാരിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചത് സാറിന് വട്ടാണോ എന്നാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് പറയുന്നത് ഒരു മാജിക്കായിരുന്നു. മറ്റൊരു സിനിമയ്ക്ക് അതെങ്ങനെയാണ് നേടാനാവുക. ആവേശം പടത്തിനു തന്നെ ഒരു കോടി നല്‍കിയത് അധികമാണ്. ചിത്രം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും. പ്രേമലുവിന് 2-3 കോടിയാണ് കൊടുത്തത്. മൊത്തം അഞ്ച് കോടിയില്‍ അധികമാണ് നേടിയത്. ഇവര്‍ 15 കോടിയാണ് ചോദിച്ചത്. പലരും ട്രൈ ചെയ്‌തെങ്കിലും 15 കോടിയായതിനാല്‍ ആരും അതു വഴി പോയില്ല. അവസാനം ചിത്രം ഫ്രീ റിലീസ് ചെയ്യുകയായിരുന്നു. 50 ലക്ഷമാണ് നല്‍കിയത്.’ – ധനഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*