ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കിയിരുന്ന ധ്യാൻ ചന്ദ് പുരസ്‌കാരത്തിന്‍റെ പേര് മാറ്റി കേന്ദ്ര കായിക മന്ത്രാലയം. ഇനി മുതല്‍ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന പേരിലാകും അറിയപ്പെടുക. നേരത്തെ, പരമോന്നത കായിക ബഹുമതിയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്നാക്കിയും മാറ്റിയിരുന്നു.
ഹോക്കി ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് 2002-ൽ ആണ് സ്ഥാപിതമായത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയില്‍ വിവിധ മത്സരങ്ങയിനങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കാണ് ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് നല്‍കുന്നത്. മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ (ഹോക്കി), കവിത സെൽവരാജ് (കബഡി) എന്നിവർക്കാണ് 2023ല്‍ പുരസ്‌കാരം ലഭിച്ചത്. നവംബര്‍ 14 ആണ് 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയെന്നും കേന്ദ്രം അറിയിച്ചു.
Be the first to comment