ചാമ്പ്യൻസ് ട്രോഫിക്കായുള്ള ബഡ്ജറ്റ് തുകയിൽ ഐസിസിയിൽ ഭിന്നാഭിപ്രായം

ദുബായ് : അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് പരമാവധി ചെലവാക്കാവുന്ന തുക 70 മില്യൺ യു എസ് ഡോളർ ആയിരിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ യോ​ഗത്തിൽ തീരുമാനമായതായി റിപ്പോർട്ട്. കൂടാതെ ടൂർണമെന്റിലെ അധിക ചെലവുകൾക്ക് 4.5 കോടി യു എസ് ഡോളറും ഉപയോ​ഗിക്കാമെന്ന് യോ​ഗം തീരുമാനിച്ചു.

എന്നാൽ തീരുമാനത്തിനെതിരെ യോ​ഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ കളിക്കാൻ തയ്യാറാകാതിരിക്കുകയും മറ്റ് വേദിയിൽ മത്സരങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്താൽ ചെലവുകൾ 4.5 മില്യൺ ഡോളറിൽ നിന്ത്രിക്കാൻ കഴിയില്ലെന്നാണ് ഉയർന്ന വാദം.ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ രണ്ട് മത്സരങ്ങൾ നടന്നേക്കാം. ആദ്യത്തേത് ​ഗ്രൂപ്പ് ഘട്ടത്തിലാണ് നടക്കുക.

ഇരുടീമുകളും ഫൈനലിന് യോ​ഗ്യത നേടിയാൽ രണ്ടാമത്തെ മത്സരം നടക്കും. ഈ മത്സരങ്ങൾക്കൊപ്പം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റിയാൽ ചെലവ് വർദ്ധിക്കും. വരുമാനം ഏറ്റവും അധികം ലഭിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുടെ വേദിമാറ്റം തിരിച്ചടിയാകുമെന്നും യോ​ഗത്തിൽ വിലയിരുത്തി. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ തയ്യാറാകാത്തത്.

കേന്ദ്രം തീരുമാനം അറിയിക്കാത്തതിനാൽ ഇക്കാര്യത്തിൽ ബിസിസിഐ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. 2008ലെ ഏഷ്യാ കപ്പിനാണ് ഇന്ത്യൻ ടീം ഒടുവിൽ പാകിസ്താനിലേക്ക് പോയത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയായിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*