യുപിഐ സേവനങ്ങള്‍ തടസ്സപ്പെട്ടു, ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വീണ്ടും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ കാര്യമായ സാങ്കേതിക തടസങ്ങള്‍ നേരിടുന്നത്.

രാജ്യവ്യാപകമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളും സാങ്കേതിക പ്രതിസന്ധി നേരിട്ടു. ഇന്റര്‍നെറ്റ് മുഖേനയുള്ള സേവനങ്ങളിലുമുള്ള പ്രശ്നങ്ങളും തടസ്സങ്ങളും തത്സമയം അവലോകനം ചെയ്യുന്ന ഡൗണ്‍ട്രാക്കര്‍ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തിലധികം പരാതികള്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു.

യുപിഐ ഇടപാടില്‍ തടസം നേരിട്ടതിന് പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് എന്ന് ഇന്ത്യയില്‍ റീട്ടെയില്‍ പേയ്മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന എന്‍സിപിഐ അറിയിച്ചു. ഔദ്യോഗിക എക്‌സ് പോസ്റ്റിലായിരുന്നു എന്‍സിപിഐയുടെ പ്രതികരണം. എന്‍സിപിഐ ചില ആഭ്യന്തര സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഇതാണ് സേവനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് വിശദീകരണം. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കും എന്നും എന്‍സിപിഐ അറിയിപ്പില്‍ പറയുന്നു. അടുത്തിടെ മാര്‍ച്ച് 26 നും, ഏപ്രില്‍ രണ്ടിനും, ഏഴിനും രാജ്യത്തെ യുപിഐ സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2024 അവസാനത്തോടെ രാജ്യത്തെ മൊത്തം ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ 83 ശതമാനവും യുപിഐ മുഖേന ആയിരുന്നു. 2019 കാലത്ത് ഇത് 34 ശതമാനം ആയിരുന്നു. അതേസമയം ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ മറ്റ് പേയ്മെന്റ് മോഡുകളുടെ വിഹിതം 66 ശതമാനത്തില്‍ നിന്നും 17 ശതമാനമായി ഇടിയുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*