സിറോ മലബാർ സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മതകോടതിയുമായി താമരശേരി രൂപത

സിറോ മലബാര്‍ സഭ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാര്‍ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കത്തോലിക്കാ സഭയുടെ വിചിത്ര നടപടി.

ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ.

ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മതകോടതിയെന്നും സഭയിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിനാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും  ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിർത്തിട്ടുണ്ട്. കുറ്റവിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദർ അജി പുതിയാപറമ്പിൽ പ്രതികരിച്ചു.

അതേസമയം, വൈദികനെ കുറ്റവിചാരണ ചെയ്യാനുള്ള നടപടി അല്ല ഇതെന്ന് ബിഷപ്പ് റമജിയുസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഫാദർ അജി പുതിയാപറമ്പിലിന്‍റെ വാദങ്ങൾ കേൾക്കുന്നതിനു വേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചു. ഇത് സഭയുടെ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഈ വൈദീകന്റെ ഭാഗം കേൾക്കുന്നതിനും തിരിച്ചു വരുന്നതിനും നിരവധി അവസരം കൊടുത്തു. ഫാദർ അജി സഭയ്ക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തി, രൂപതാ അധ്യക്ഷന്റെ നിർദ്ദേശങ്ങൾ ലംഘിച്ചു.ഫാദർ അജിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ട്രിബ്യൂണൽ നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് റമജിയുസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*