‘കിഷ്കിന്ധാ കാണ്ഡം’ അതിഗംഭീരം, ആസിഫ് അലിയുടേത് അത്യുഗ്രൻ പ്രകടനം: സംവിധായകൻ ആനന്ദ് ഏകർഷി

ആസിഫ് അലിയെ പ്രാധാന കഥാപാത്രമാക്കി ഓണം റിലീസായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ അതിഗംഭീര സിനിമയെന്ന് സംവിധായകൻ ആനന്ദ് ഏകർഷി. ചിത്രം മനസിനെ ഉലയ്ക്കുന്ന സിനിമാനുഭവമാണെന്നാണ് ആനന്ദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആട്ടം എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകനാണ് ആനന്ദ് ഏകാർഷി.

സെപ്റ്റംബർ 12ന് തീയറ്ററുകളിലെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ നിറഞ്ഞ കാണികളുമായി പ്രദർശനം തുടരുകയാണ്. കണ്ടിറങ്ങിയ പ്രേക്ഷകരിൽ പലരും ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ്ണ ബാലമുരളി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഫാമിലി ത്രില്ലർ ഴോണറിൽ എത്തിയ ചിത്രം മേക്കിങ്ങിലും പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും ബാഹുൽ രമേശാണ്.

ആനന്ദ് ഏകർഷിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

‘കിഷ്കിന്ധാ കാണ്ഡം’ അതിഗംഭീരം. മനസ്സിനെ ഉലയ്ക്കുന്ന സിനിമാനുഭവം. ആരും ചിത്രം കാണാതെ പോകരുത്. ബാഹുൽ രമേശിന്റെ ഉജ്ജ്വലമായ തിരക്കഥയും ഛായാഗ്രഹണവും. ദിൻജിത്ത് അയ്യത്താന്റെ സൂക്ഷ്മമായ സംവിധാനം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവരുടെ അത്യുഗ്രമായ പ്രകടനം.

ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നത്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ ഭാ​ഗമാവുന്നു. ഗുഡ് വിൽ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുജീബ് മജീദാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് ഈ എസ് എഡിറ്റിംഗും സജീഷ് താമരശ്ശേരി കലാ സംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*