നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണം, സിനിമയിൽ സെഞ്ചുറി തികയ്ക്കണം; പ്രിയദർശൻ

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ. ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ ഇനി നാലുചിത്രങ്ങൾ കൂടി മതി. നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും പ്രിയദർശൻ പറഞ്ഞു.

മലയാള സിനിമയിലെ ‘റീവാച്ച് വാല്യൂ’ ഉള്ള ഡയറക്റ്റർ-ആക്റ്റർ കോംബോയാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. വർഷങ്ങളുടെ സൗഹൃദത്തിൽ മലയാളത്തിന് ലഭിച്ചത് പലയാവർത്തി കണ്ടാലും മടുപ്പ് തോന്നാത്ത അനേകം സിനിമകളാണ്. ശങ്കർ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ൽ പുറത്തിറങ്ങിയ ‘പൂച്ചക്കൊരു മൂക്കുത്തി’യാണ് പ്രിയദർശന്റെ ആദ്യ ചിത്രം. 45 സിനിമകളാണ് ഇതുവരെ പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്നിട്ടുള്ളത്.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ സിനിമ. ‘ഹരം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗായകൻ എം ജി ശ്രീകുമാർ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇതിനെകുറിച്ച് പ്രതിപാദിച്ചിരുന്നു. ഇതായിരിക്കും പ്രിയദർശന്റെ നൂറാം ചിത്രമെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*