‘ദേശീയതലത്തിലും ചർച്ചയായി, ഉത്തരം വേണം’; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഡല്‍ഹി: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് ഉത്തരം വേണമെന്ന് ഡി രാജ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ദേശീയ തലത്തിലും വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതേപ്പറ്റി നിരവധി ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിന് വ്യക്തത വേണമെന്നും ഡി രാജ ഡല്‍ഹിയില്‍  പ്രതികരിച്ചു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക സിപിഐ ദേശീയ നേതൃത്വത്തിനുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി രാജ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. എന്നാല്‍ സിപിഐക്ക് അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ഡി രാജ വ്യക്തമാക്കി.

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉന്നയിച്ചത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു സിപിഐ സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. കൂടിക്കാഴ്ച എന്തിനെന്ന് ജനത്തിന് അറിയണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അതൃപ്തിയറിയിച്ച് സിപിഐ ദേശീയ നേതൃത്വവും രംഗത്തെത്തിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*