കോട്ടയം ലോക്സഭാ സീറ്റിലെ തർക്കം: കോൺ​ഗ്രസിന് അതൃപ്തി; പിജെ ജോസഫ് ഇടപെടുന്നു

കോട്ടയം: പാർലമെൻറ് സീറ്റിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ പിജെ ജോസഫ് ഇടപെടുന്നു. സംഘടനാ തലത്തിൽ മോൻസ് ജോസഫിന് കൂടുതൽ പ്രാമുഖ്യം ഉറപ്പ് നൽകിക്കൊണ്ട് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് പിജെയുടെ ശ്രമം. കോട്ടയത്ത് നിന്ന് ലോക്സഭാംഗമായാൽ ഭാവിയിൽ പാർട്ടി അധ്യക്ഷ പദവിയും ഫ്രാൻസിസ് ജോര്‍ജ് സ്വന്തമാക്കുമോ എന്ന ആശങ്ക മോൻസ് ജോസഫ് അനുകൂലികളുടെ ഇടയിൽ ശക്തമാണ്.  

പിജെയുടെ പിന്‍ഗാമിയായി സ്വാഭാവികമായും കേരള കോൺഗ്രസിൻറെ ചെയർമാൻ സ്ഥാനം കടുത്തുരുത്തി എംഎൽഎ ആയ മോൻസ് ജോസഫിലേക്ക് എത്തുമെന്നാണ് പാർട്ടിയിൽ ഏറിയ പങ്കും കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോക്സഭാ മത്സരത്തിനായി ഫ്രാൻസിസ് ജോർജിന്‍റെ കോട്ടയത്തേക്കുളള വരവ്. ഫ്രാൻസിസ് കോട്ടയത്ത് നിന്ന് എം പിയായാൽ സംഘടനയ്ക്കുള്ളിലെ മോൻസിൻറെ സ്വാധീനം കുറയാൻ ഇടയാകുമെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ കരുതുന്നു. ഈ കാരണം കൊണ്ടു തന്നെയാണ് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ മോൻസിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോട്ടയം നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നതും

ഇരു നേതാക്കൾക്കും ഇടയിലെ ആശയക്കുഴപ്പം പിജെ ജോസഫിന് വ്യക്തമാണ്. മോൻസിനെ വിശ്വാസത്തിൽ എടുത്തുകൊണ്ട് ഫ്രാൻസിസിനെ സ്ഥാനാർത്ഥിയാക്കാനാണ് പി ജെയുടെ ശ്രമം. ഫ്രാൻസിസ് വരുന്നതു കൊണ്ട് സംഘടനയ്ക്കുള്ളില്‍ മോന്‍സിന് പ്രശ്നങ്ങളുണ്ടാക്കില്ല എന്ന ഉറപ്പ് പി ജെ ജോസഫ് മോൻസിന് നൽകിക്കഴിഞ്ഞതായാണ് വിവരം. ഡൽഹിയിൽ ഫ്രാൻസിസും കേരളത്തിൽ മോൻസും എന്ന ഫോർമുല ഇരു നേതാക്കളും തൽക്കാലത്തേക്കെങ്കിലും അംഗീകരിക്കുമെന്നും പി ജെ പ്രതീക്ഷിക്കുന്നു. കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടെങ്കിലും സംഘടനയ്ക്കുള്ളിലും കോൺഗ്രസ് നേതാക്കളിൽ നിന്നും പിന്തുണ ആർജിക്കാൻ അദ്ദേഹത്തിനായിട്ടില്ല. ലോക്‌സഭ സീറ്റാവശ്യപ്പെട്ട് പരസ്യമായി രംഗത്തിറങ്ങിയ സജി മഞ്ഞക്കടമ്പിലിന്റെ യഥാർഥ ലക്ഷ്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റാണെന്നാണ് വിലയിരുത്തൽ. അക്കാര്യത്തിൽ ജോസഫിൽ നിന്നൊരു ഉറപ്പു കിട്ടിയാൽ സജിയും പിൻമാറിയേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*