കാസർകോഡ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിൻ്റെ പേരിൽ തർക്കം

കാസര്‍കോഡ്: കാസർകോഡ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിൻ്റെ പേരിൽ തർക്കം. ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതി.

ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണൻ്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു. ഈ വാദം വകവയ്ക്കാതെ കളക്ട്രേറ്റിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയാണ്.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവിൽ സ്റ്റേഷനിൽ പത്രിക സമര്‍പ്പിക്കാൻ ടോക്കൺ അനുവദിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്ട്രേറ്റിലെത്തി കളക്‌ടറുടെ ഓഫീസിന് മുന്നിൽ നിന്നു. എന്നാൽ അതിന് മുൻപേയെത്തിയ അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസിൽ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്.

അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കിൽ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മുസ്ലിം ലീഗ് നേതാക്കളും പ്രതിഷേധത്തിൽ ഭാഗമായി. പോലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പുവും രാജ്മോഹൻ ഉണ്ണിത്താനോട് സംസാരിച്ചു. എന്നാൽ ഇതോടെ എകെഎം അഷ്റഫ് എംഎൽഎയെ ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കളക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പ്രതിഷേധം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*