പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് റിയാസ്; വിശദീകരണം തേടി കളക്ടര്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫ് പരാതിയിൽ മന്ത്രി റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാൽ ആരോപണം തള്ളിയ റിയാസ്, നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം പ്രസംഗത്തിൻ്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കിൽ പ്രതികരിക്കാമെന്നായിരുന്നു എളമരം കരീമിൻ്റെ മറുപടി.

ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിൽ എൽഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് വിവാദങ്ങളുടെ തുടക്കം. കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി റിയാസ് പറഞ്ഞത്. പിന്നാലെ വേദിയിലുണ്ടായിരുന്ന എളമരം കരീം തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോ ഗ്രാഫറെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീൻ റൂമിലേക്ക് പോയി. മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് പിന്നീട് ഇദ്ദേഹം തിരികെ വന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ചെയ്ത കാര്യം പറഞ്ഞു, ഇനിയും പറയുമെന്നും റിയാസ് ആവര്‍ത്തിക്കുന്നു. വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ എളമരം കരീം പ്രതികരിച്ചു.  യുഡിഎഫിൻ്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം  വീഡിയോ ഗ്രാഫർക്ക് പരാതിയുണ്ടെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും പറഞ്ഞു. പരിപാടിയുടെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായിച്ചുകളഞ്ഞെന്നാണ് ആരോപണം. 

Be the first to comment

Leave a Reply

Your email address will not be published.


*