ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടിക്ക് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ തുടക്കം

കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും റവന്യു സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ തുടക്കമായി. കോട്ടയം താലൂക്ക് ഓഫിസിൽ നടന്ന പരിപാടി കോട്ടയം ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ബി സാവിയോ ഉദ്ഘാടനം ചെയ്തു.
കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് അറിയുന്നതിനും പരാതികൾക്ക് ഉടനടി പരിഹാരം കാണുന്നതിനുമാണ് ജില്ലയിലെ വിവിധ താലൂക്കുകൾ തോറും ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.
കോട്ടയം താലൂക്ക് അദാലത്തിൽ 23 പരാതികളാണ് ലഭിച്ചത്. വസ്തു സംബന്ധിച്ച പരാതികളാണ് അധികവും. ഇതിൽ രണ്ടു പരാതികൾക്കു പൂർണ പരിഹാരമാവുകയും മറ്റുള്ളവ അതാത് വില്ലേജുകളിലെ വില്ലേജ് ഓഫിസർമാരെ പരാതി സംബന്ധിച്ച ഇടപെടലുകൾക്ക് നിർദ്ദേശിക്കുകയും ചെയ്തു. കോട്ടയം എൽ ആർ തഹസിൽദാർ നിജു കുര്യൻ, ഡെപ്യൂട്ടി തഹസിൽദാർ യു രാജീവ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചങ്ങനാശേരി താലൂക്ക് ഓഫീസിലെ കളക്ടറുടെ ജനസമ്പർക്ക പരിപാടി നാളെ (ഒക്‌ടോബർ 19) രാവിലെ 10.30 മുതൽ നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*