കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് സുരക്ഷക്കായി ജില്ലാ പോലീസ് സജ്ജമായതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്. ഇതിന്റെ ഭാഗമായി ഇലക്ഷനോടനുബന്ധിച്ചുള്ള കലാശക്കൊട്ട്, പോളിങ് ദിവസം എന്നീ ഡ്യൂട്ടികൾക്കായി 2200 പോലീസ് ഉദ്യോഗസ്ഥരും, ഇതിനുപുറമെ അര്‍ധ സൈനിക വിഭാഗവും, പോലീസിനെ സഹായിക്കുന്നതിനായി ഓരോ പോളിങ് ബൂത്തുകളിലും പരിശീലനം ലഭിച്ച 1527 സ്പെഷ്യൽ പോലീസ് ഉൾപ്പെടെ 4000ൽപരം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഇലക്ഷൻ ദിവസത്തിൽ ജില്ലയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇലക്ഷൻ സ്ക്വാഡ് ഡ്യൂട്ടികൾക്കും, ബോർഡർ സീലിങ്, ഇലക്ഷൻ സെല്‍ മറ്റ് ഇലക്ഷൻ അനുബന്ധ ഡ്യൂട്ടികൾ എന്നിവയ്ക്കായി ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലാണ്. കൂടാതെ ജില്ലയിലെ വിവിധ ഇടങ്ങളിൽ അർധ സൈനിക വിഭാഗവും പോലീസും സംയുക്തമായി ചേർന്ന് റൂട്ട് മാർച്ച് നടത്തിവരികയാണ്. ഇതിനു പുറമെയാണ് പോളിങ് ദിവസത്തേക്ക് മാത്രം അധിക പോലീസിനെ നിയോഗിക്കുന്നത്.
പ്രധാന റോഡുകളും, ഇടറോഡുകളും ബാരിക്കേഡ് ചെയ്തുള്ള പരിശോധനയും, അനധികൃത മദ്യം, മറ്റു ലഹരിവസ്തുക്കൾ, രേഖകളില്ലാത്ത പണം കൊണ്ടുപോകൽ, ആയുധം, വെടികോപ്പുകൾ എന്നിവ കൈവശം വെക്കൽ തുടങ്ങിയവ തടയുന്നതിന് ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് ശക്തമായ വാഹന പരിശോധനയും നടത്തിവരികയാണ്. കൂടാതെ ബൂത്തുകൾ തരംതിരിച്ച് പ്രശ്ന ബാധിത ബൂത്തുകളില്‍ പ്രത്യേകം കേന്ദ്രസേനയെ ഉൾക്കൊള്ളിച്ചുകൊണ്ട് ഇവിടങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
ബൂത്തുകൾ കേന്ദ്രീകരിച്ച്, 24 മണിക്കൂറും പോലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ക്രിമിനൽ ലിസ്റ്റുകളിലുള്ള പ്രതികളെയും മറ്റും നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലില്‍ സൂക്ഷിക്കുന്നതിനും ഓരോ സ്റ്റേഷനുകളിലെയും എസ്.എച്ച്.ഓ മാർക്ക് നിർദേശം നൽകി കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Be the first to comment