
തിരുവനന്തപുരം: ലോക്സഭയിലേക്ക് സി.പി.ഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതൃത്വമുണ്ടാക്കിയ ധാരണയില്‍ നിന്ന് വ്യത്യസ്തമായി ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ചില പേര് ജില്ലാഘടകങ്ങള്‍ അംഗീകരിച്ചിട്ടില്ല. പകരം പേരുകളും മുന്നോട്ടുവെച്ചു. ജില്ലാകൗണ്‍സിലുകള്‍ നല്‍കിയ പേരുകള്‍ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിശോധിക്കും. മാവേലിക്കരയില്‍ പുതിയ സ്ഥാനാര്‍ഥി വരാനുള്ള സാധ്യതയും ഏറെയാണ്.
ആനിരാജ (വയനാട്), വി.എസ്. സുനില്‍കുമാര്‍ (തൃശ്ശൂര്‍), സി.എ. അരുണ്‍കുമാര്‍ (മാവേലിക്കര), പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം) എന്നീ പേരുകളാണ് സ്ഥാനനാര്‍ഥികളായി സി.പി.ഐ. കണക്കാക്കിയിരുന്നത്. ഓരോ പാര്‍ലമെൻ്റെ മണ്ഡലവും ഉള്‍ക്കൊള്ളുന്ന ജില്ലാഘടകങ്ങള്‍ പേര് നിര്‍ദേശിക്കുകയും അത് പരിശോധിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയുമാണ് സി.പി.ഐ. രീതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലായാണ് മാവേലിക്കര മണ്ഡലമുള്ളത്. ഇതില്‍ ആലപ്പുഴ മാത്രമാണ് അരുണ്‍ കുമാറിൻ്റെ പേര് നിര്‍ദേശിച്ചത്. പ്രിജി ശശിധരന്‍, ചിറ്റയം ഗോപകുമാര്‍ ആര്‍.എസ്. അനില്‍ എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കൊല്ലം ജില്ലയില്‍നിന്നുള്ള ആവശ്യം. ചിറ്റയം ഗോപകുമാര്‍, ആര്‍.എസ്. അനില്‍ എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കൊല്ലം ജില്ലയില്‍നിന്നുള്ള ആവശ്യം. ചിറ്റയം ഗോപകുമാര്‍, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്‍,മുന്‍ എം.എല്‍.എ. കെ. അജിത്ത് എന്നിവരെയാണ് പത്തനംതിട്ടയില്‍നിന്ന് നിര്‍ദേശിച്ചത്. അരുണ്‍കുമാറിനെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആലപ്പുഴയുടെ ആവശ്യം.
ഓരോ മണ്ഡലത്തിലേക്കും മൂന്നുപേരുകള്‍ നിര്‍ദേശിക്കാനാണ് ജില്ലാഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ജില്ലാഘടകങ്ങളുടെ അഭിപ്രായം പരിഗണിക്കപ്പെട്ടാല്‍ മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിനാകും സാധ്യത കൂടുതല്‍. തിങ്കളാഴ്ച സംസ്ഥാന നിര്‍വാഹകസമിതി യോഗം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമധാരണയാക്കും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അന്തിമാംഗീകാരം നല്‍കും.
Be the first to comment