മുന്നാറിലെ ഭൂമി കൈയ്യേറ്റം ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മൂന്നാര്‍ വ്യാജ പട്ടയ കേസില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിലെ വീഴ്ച സിബിഐ അന്വേഷിക്കണോയെന്ന കാര്യം പരിശോധിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 42 ഭൂമി കൈയ്യേറ്റക്കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുത്തു. തോറ്റ കേസുകളില്‍ എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

 വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ല. നടന്നത് വന്‍ അഴിമതിയെന്നും പിന്നില്‍ വേറെ ആളുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐയെ കക്ഷി ചേര്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മുന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതില്‍ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് എടുക്കേണ്ട കേസുകള്‍ എടുത്തില്ല എന്നതാണ് സര്‍ക്കാരിനെതിരായ പ്രധാന വിമര്‍ശനം. 42 കേസുകളില്‍ സര്‍ക്കാര്‍ മനപൂര്‍വ്വം തോറ്റുകൊടുത്തുവെന്നാണ് ഹൈക്കോടതിയുടെ നേരത്തെയുള്ള നിരീക്ഷണം.

 സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. ഇതിന് ശേഷം റവന്യൂ വകുപ്പ് തുടര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഉന്നതര്‍ക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ ഭൂമി കൈയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവുകള്‍ ഒന്നും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചിരുന്നു. പതിനാല് വര്‍ഷമായി ഇത് നടക്കുന്നില്ലെന്നും കോടതി ചൂണ്ടികാണിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉദാസീനതയാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ നടപടി ചെറിയ കൈയ്യേറ്റങ്ങളില്‍ മാത്രമായി ഒത്തുങ്ങുന്നു എന്നും വലിയ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല എന്നും കോടതി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*