‘തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം, യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിന് പ്രത്യേകം നന്ദി’: മുഖ്യമന്ത്രി

മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പ്രത്യേകം നന്ദി അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്.

കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയാണ് കേന്ദ്രം എന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണ്. നികുതിയിലടക്കം കേന്ദ്രവിഹിതം കുറയാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറിച്ചിട്ടുണ്ട്. കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. ഫെഡറിലസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്. കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തില്‍ നിന്നും പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനങ്ങളുടെ ശക്തി കുറക്കുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് വ്യക്തതയില്ല. രണ്ടു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്.അവരുടെ ശബ്ദം ശബ്ദം പാര്‍ലമെന്റില്‍ എത്തുന്നില്ല. കാരണം അവര്‍ക്ക് അംഗബലമില്ല. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത് നീതിയല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*