
ഷിരൂർ ഗംഗാവലിയിൽ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. മംഗലാപുരം ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പോലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക.ഇന്നലെ വൈകിയാണ് സാമ്പിൾ ഫൊറൻസിക് ലാബിൽ എത്തിച്ചത്. രാവിലെ മുതൽ പരിശോധനയും തുടങ്ങിയിരുന്നു.
എന്നാൽ ഇന്നലെ ഷിരൂർ ദുരന്തമുഖത്ത് നിഴലിച്ചത് ഉള്ളുലഞ്ഞ കാഴ്ചകളായിരുന്നു. ക്യാബിനുള്ളിൽ മകനായി അർജുൻ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്തശേഷം ലോറി പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ കൂട്ടത്തിൽ മകന്റെ കളിപ്പാട്ടവും കണ്ടെത്തിയത്.
വീട്ടിൽ മകനോടൊപ്പം കളിച്ച ശേഷം യാത്ര പോകുമ്പോൾ കളിപ്പാട്ട ലോറി ക്യാബിനിൽ അർജുൻ വയ്ക്കുന്നത് പതിവായിരുന്നു. അർജുന് പുറമെ 8 പേർ കൂടി മരിച്ച ഷിരൂർ ദുരന്തത്തിൽ ഇനി കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് കർണാടകം സർക്കാർ അറിയിച്ചിട്ടുണ്ട്.
Be the first to comment