ചോക്ലേറ്റ് ഇഷ്‌ടമാണോ? അറിയാം ഡാർക്ക് ചോക്ലേറ്റിന്‍റെ അത്ഭുതകരമായ ഗുണങ്ങള്‍

ചോക്ലേറ്റ് കണ്ടാല്‍ കൺട്രോൾ പോകാറുണ്ടോ? നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യത്തിനുളള പ്രാധാന്യം നിങ്ങള്‍ നൽകാറുണ്ടോ? ഭക്ഷണത്തിൽ മായം കലർത്തി വില്‍ക്കുന്നതില്‍ നിങ്ങൾ അസന്തുഷ്‌ടരാണോ? ഭക്ഷണം സ്വന്തമായി തയ്യാറാക്കി കഴിക്കാൻ നിങ്ങൾക്ക് ഇഷ്‌ടമാണോ? എങ്കില്‍ നിങ്ങള്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം.

ഡാർക്ക് ചോക്ലേറ്റ് എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും, പലരും കഴിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഡാർക്ക് ചോക്ലേറ്റില്‍ പോഷക ഗുണങ്ങളുണ്ടെന്ന് അറിയാകുന്നവര്‍ വളരെ ചുരുക്കമായിരിക്കും. അതെ, ഹൃദയം, തലച്ചോറ്, ചർമ്മം, പേശി, എന്നിവയുടെയെല്ലാം മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുളള കഴിവ് ഡാർക്ക് ചോക്ലേറ്റിനുണ്ട്.

ഇരുമ്പ്, സിങ്ക്, ചെമ്പ്, മഗ്നീഷ്യം തുടങ്ങി ആരോഗ്യത്തിന് ആവശ്യമായതും ദുര്‍ലഭമായിട്ടുളളതുമായ പല ഘടകങ്ങളും ഡാർക്ക് ചോക്ലേറ്റിലുണ്ട്. ഡാർക്ക് ചോക്ലേറ്റിലുളള ഫോസ്‌ഫറസും, ഫ്ലേവനോളുകളും, പോളിഫെനോളുകളും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. അതിനാൽ സ്‌ത്രീകള്‍ക്ക് ആർത്തവ സമയത്ത് മാത്രമല്ല, പുരുഷന്മാർക്ക് അസ്വസ്ഥത തോന്നുമ്പോഴും ഡാർക്ക് ചോക്ലേറ്റ് കഴിക്കാം.

വ്യാജ ഡാർക്ക് ചോക്ലേറ്റുകള്‍ പല കടകളും സാധാരണ ചോക്ലേറ്റുകള്‍ ഡാർക്ക് ചോക്ലേറ്റ് എന്ന വ്യാജേന ഉയർന്ന വിലയ്ക്ക് വിൽക്കുന്നു. ഇത്തരത്തിലുളള ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹം, അമിതവണ്ണം തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാകാനുളള സാധ്യത കൂട്ടുമെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നുണ്ട്.

ഡാർക്ക് ചോക്ലേറ്റിൽ കുറഞ്ഞത് 70 ശതമാനം കൊക്കോ ഉണ്ടായിരിക്കണം. അതിൽ കുറവ് അളവില്‍ കൊക്കോ ഉളളത് പ്ലെയിൻ ചോക്ലേറ്റായാണ് കണക്കാക്കുന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ, ഉയർന്ന അളവിൽ പാൽ, എണ്ണ, വനസ്‌പതി, പഞ്ചസാര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ചോക്ലേറ്റ് ശരിക്കും ഗുണമേന്മയുള്ള ഡാർക്ക് ചോക്ലേറ്റ് അല്ലെന്ന് ആളുകൾ മനസിലാക്കണം.

ഡാർക്ക് ചോക്ലേറ്റിൻ്റെ രുചി: കയ്‌പാണ് ഡാർക്ക് ചോക്ലേറ്റിന്‍റെ യഥാര്‍ഥ രുചി. കാരണം ഇതിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്നത് കൊക്കോ മാത്രമാണ്. 99 ശതമാനം കൊക്കോ അടങ്ങിയിരിക്കുന്ന ബ്രാൻഡ് തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കാന്‍ കഴിയുമോ?: ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍:

  1. കൊക്കോ നിബ്‌സ്: 1 കപ്പ്
  2. വെളിച്ചെണ്ണ അല്ലെങ്കിൽ കൊക്കോ ബട്ടര്‍: 1/2 കപ്പ്
  3. തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്: 1/4 കപ്പ്
  4. വാനില എക്‌സ്‌ട്രാക്റ്റ്: 1 ടീസ്‌പൂൺ
  5. ഉപ്പ്

എങ്ങനെ ഉണ്ടാക്കാം:

ആദ്യം, ഒരു ഡബിൾ ബോയിലർ പാന്‍ എടുത്ത് അടുപ്പിൽ വയ്ക്കുക. പാൻ ചൂടാകുമ്പോൾ അതിലേക്ക് 1/2 കപ്പ് വെളിച്ചെണ്ണയോ കൊക്കോ ബട്ടറോ ഒഴിക്കുക. ശേഷം 1 കപ്പ് കൊക്കോ നിബ്‌സ്, 1 സ്‌പൂൺ വാനില എക്‌സ്‌ട്രാക്റ്റ്, 1 ടീസ്‌പൂൺ ഉപ്പ് എന്നിവ ചേര്‍ക്കുക. ശേഷം ചെറിയ തീയിൽ വച്ച് നന്നായി ഇളക്കുക. നന്നായി ചൂടായതിന് ശേഷം അടുപ്പിൽ നിന്ന് ഇറക്കുക. തണുത്തതിനു ശേഷം അതിലേക്ക് 1/4 കപ്പ് തേനോ മേപ്പിൾ സിറപ്പോ ഒഴിച്ച് ചോക്ലേറ്റ് പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കുക. ചോക്ലേറ്റ് നന്നായി കട്ടിയായ ശേഷം ഫ്രീസറിൽ നിന്ന് മാറ്റി നല്ല ഗ്ലാസ് ജാറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്ത് കഴിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*