കോതമംഗലം: പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടി ഓട്ടോ മറിഞ്ഞു യുവാവിന് ദാരുണന്ത്യം. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പരേതനായ നാരായണന്‍റെ മകൻ വിജിൽ പി.എൻ( 41) ആണ് കൊല്ലപ്പെട്ടത്. കൃഷിക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജിൽ. എളംബ്ലാശേരികുടിയിയിലുള്ള ഒരാളുടെ കൈ മുറിഞ്ഞതിനെ തുടർന്ന് തിങ്കൾ രാത്രി പത്ത് മണിയോടെ കോതമംഗലത്തുള്ള ആശുപത്രിയിലേക്ക് പോകുകയായിരുന്നു. റോഡിന്‍റെ ഇടതുവശത്ത് നിന്നും എടുത്തുചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും വിജിൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിയുകയും ആയിരുന്നു.
ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്ന വരും, തൊട്ടടുത്ത് പുന്നേക്കാട് സ്ഥിതി ചെയ്യുന്ന വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് അവിടെനിന്നു ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
ഓട്ടോ മറിഞ്ഞ ആഘാതത്തിൽ വാരിയെല്ലുകൾ തകർന്ന് രക്തസ്രാവം നിൽക്കാതെ വന്നതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ രമ്യ.ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന അതുല്യ, ആരാധ്യ എന്നി രണ്ട് പെൺകുട്ടികളും, ക്യാൻസർ രോഗിയായ അമ്മ സരളയുമാണ് വിജിലിനുള്ളത്. ഈ കുടുംബത്തിന്റെ ഏക അത്താണി യായിരുന്നു ഇപ്പോൾ ദാരുണമായി കൊല്ലപ്പെട്ടത്. സി പി എം ബ്രാഞ്ച് സെക്രട്ടറിയും, മാമലകണ്ടം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു വിജിൽ
Be the first to comment