കോട്ടയം : ആക്രമിക്കാൻ പിന്തുടർന്ന വളർത്തുനായ്ക്കളെ പേടിച്ച് വിദ്യാർഥിനി നെൽപാടത്തിലേക്കു ചാടി. മുങ്ങിത്താഴ്ന്ന വിദ്യാർഥിനിയെ അയൽവാസി രക്ഷപ്പെടുത്തി. കുമരകം കൊല്ലകരി കായ്ത്തറ (ഇടച്ചിറ) സുനിൽ–നിഷ ദമ്പതികളുടെ മകൾ അൻസുവിനെ(17)നെയാണ് നായ്ക്കൂട്ടം ആക്രമിക്കാനായി ഓടിച്ചത്. നായയെ തുറന്നുവിട്ട ആൾക്ക് എതിരെ അൻസുവിന്റെ കുടുംബം കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഞായറാഴ്ച വൈകിട്ട് കുമരകം കണ്ണാടിച്ചാലിലാണ് സംഭവം. പള്ളിയിൽ പോയ ശേഷം കണ്ണാടിച്ചാൽ ടൗണിൽ ബസിറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടെ 3 നായ്ക്കൾ അൻസുവിനെ പിന്തുടർന്നു. നായ്ക്കൾ പിന്നാലെ വരുന്നതുകണ്ട് അൻസു റോഡിൽ നിന്നു. വീണ്ടും മുന്നോട്ടു നടന്നപ്പോൾ നായ്ക്കൾ പിന്നാലെ ഓടിയെത്തി കടിക്കാൻ ശ്രമിച്ചു. കടിക്കുമെന്ന് ഉറപ്പായതോടെ അൻസു നെൽപാടത്തിലെ വെള്ളത്തിലേക്ക് ചാടി.
മുങ്ങിത്താഴ്ന്ന അൻസു അലറിക്കരഞ്ഞതോടെ അയൽവാസി കൊട്ടാരത്തിൽ ജയ്മോൻ ഓടിയെത്തി വെള്ളത്തിലിറങ്ങി രക്ഷപ്പെടുത്തുകായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് നായ്ക്കളെ ഓടിച്ചുവിട്ടത്. അൻസുവിന്റെ 17,000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ നഷ്ടമായി. പ്ലസ്ടു കഴിഞ്ഞ് നഴ്സിങ്ങിന് ചേരാനുള്ള തയാറെടുപ്പിലാണ് അൻസു.
രക്ഷിക്കാനിറങ്ങിയ ജയ്മോന്റെ 1,000 രൂപയും വെള്ളത്തിൽ നഷ്ടമായി. പ്രദേശവാസിയുടെ കുടുംബം വീട്ടിലില്ലാതിരുന്ന സമയത്ത് വളർത്തുനായ്ക്കളെ വീട്ടുവളപ്പിൽ അഴിച്ചുവിട്ടതായും. ഇവ കോംപൗണ്ടിനു പുറത്തിറങ്ങിയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നും പറയപ്പെടുന്നു.
Be the first to comment