ജോലിത്തിരക്കിലും വെള്ളം കുടിക്കാൻ മറക്കല്ലേ ; നിർജ്ജലീകരണ നിർദേശവുമായി ആരോഗ്യവിദഗ്ധർ

തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിൽ വെള്ളം കുടിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. എനിക്ക് ഇവിടെ ഭയങ്കര ജോലിയാണ്,വെള്ളം കുടിക്കാൻ പോലും നേരമില്ല എന്ന് പൊങ്ങച്ചം പറയുന്നതിനിടയിൽ അത് ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നത് ആരും ചിന്തിക്കാറില്ല. ജോലിയിടങ്ങളിലെ തിരക്കുകൾ,AC റൂമിലിരുന്നുള്ള ജോലി,ജോലിക്കിടയിലെ സമ്മർദ്ദം,എന്നിവയാൽ വെള്ളം കുടിക്കുന്ന ശീലം കുറയുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.

പലപ്പോഴും നമ്മൾ ജോലിയിലായിരിക്കുമ്പോൾ ഇത്തരത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും , തലവേദന, ശ്രദ്ധക്കുറവ്,ക്ഷീണം,ചർമ്മത്തിലെ ചുളിവുകൾ ,അകലവാർദ്ധക്യം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും എച്ച്‌സി‌എൽ ഹെൽത്ത്‌കെയറിലെ ഇന്റേണൽ മെഡിസിൻ, ലീഡ് ക്ലിനീഷ്യൻ എം‌ബി‌ബി‌എസ് എം‌ഡി ഡോ. ശിവാനി ഗുപ്ത പറയുന്നു. മൂത്രാശയ അണുബാധ, മൂത്രത്തിൽ കല്ല് , രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയും ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. അതിനാൽ ചൂട് കൂടുന്ന ഈ സമയങ്ങളിൽ ജോലി തിരക്കിനിടയിലും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഡോ.ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടതാണ്, അതിനായി ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം , ദാഹം തോന്നുമ്പോൾ തന്നെ വെള്ളം കുടിക്കാൻ ശ്രമിക്കണം ,അതുപോലെ ജലാംശം അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കണം. ഇതിലൂടെ വൃക്ക സംബന്ധ രോഗം തടയാനും ,മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താനും സഹായിക്കും.ചായ, കാപ്പി, പോലുള്ള കാർബണേറ്റഡ് ഡ്രിങ്കുകൾ അല്ലെങ്കിൽ പാക്കറ്റ് ജ്യൂസുകൾ എന്നിവ വെള്ളത്തിന് പകരമായി ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും ,എ സി യിൽ ഇരിക്കുമ്പോൾ 6 മുതൽ 8 ഗ്ലാസ് വെള്ളം വരെയെങ്കിലും കുടിക്കണമെന്നും ഫരീദാബാദിലെ സർവോദയ ഹോസ്പിറ്റലിലെ നെഫ്രോളജി മേധാവിയും ഡയറക്ടറുമായ ഡോ. തന്മയ് പാണ്ഡ്യ പറയുന്നു. എപ്പോഴും വെള്ളം കുടിക്കുക എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും അതിന് ജോലിയോ,തിരക്കുകളോ ഒരു കാരണമല്ലെന്നുമുള്ള ബോധ്യം കൂടി നമ്മൾ ഓരോരുത്തരിലും ഉണ്ടാകണമെന്നും അവർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*