സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെ വേദിയാക്കരുത്; ഹൈക്കോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് (State School Youth Festival) മുന്നോടിയായി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശവുമായി ഹൈക്കോടതി. സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി.  ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള കുട്ടികള്‍ക്ക് ഇതിനുളള ചിലവ് താങ്ങാനാകില്ല. വിജയിക്കുക എന്നതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ്  പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ  രക്ഷിതാക്കള്‍ സജ്ജരാക്കിയില്ലെങ്കില്‍ ഇത്തരം കലോത്സവങ്ങള്‍ അവരെ വിഷാദ രോഗത്തിലേക്ക് തളളിവിട്ടേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. റവന്യൂ ജില്ലാ കലോത്സവ വിധി നിര്‍ണയത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോടാണ് വേദിയാവുക. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. 25 വേദികളിലായി പരിപാടികള്‍ അരങ്ങേറും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാകും കലോത്സവത്തില്‍ പങ്കെടുക്കുക. 

Be the first to comment

Leave a Reply

Your email address will not be published.


*