‘ഞാനല്ലല്ലൊ എന്നെ പുനർനിയമിച്ചത്, നാളെ ജാമിയയില്‍ ജോയിന്‍ ചെയ്യും’; റിവ്യൂഹര്‍ജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പുനഃപരിശോധന ഹർജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. “സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. നാളെ ഞാന്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കും. ഏഴ് വർഷം സ്ഥാനത്തു തുടർന്നു. പല കാര്യങ്ങളും ചെയ്യാനായി, കുറച്ചുകൂടെ ചെയ്യാനുണ്ടായിരുന്നു. എന്റെ താല്‍പ്പര്യത്തില്‍ റിവ്യു ഹർജി നല്‍കില്ല, കാരണം ഞാനല്ലല്ലൊ എന്നെ പുനർനിയമിച്ചത്,” ഗോപിനാഥ് വ്യക്തമാക്കി.

“പുനർനിയമനത്തില്‍ അപാകത തോന്നിയിട്ടില്ല. ഇന്ത്യയിലെ പല സർവകലാശാലകളിലും വിസിമാർക്ക് പുനർനിയമനം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് ഡല്‍ഹി സർവകലാശാല വിസിക്ക് കാലാവധി നീട്ടിനല്‍കാന്‍ പ്രസിഡന്റിന്റെ നിർദേശം വന്നത്. എനിക്ക് പുനർനിയമന ഉത്തരവ് ലഭിച്ചു, ഞാന്‍ തുടർന്നു. ഞാനല്ല ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. അതുകൊണ്ട് എന്താണ് അപാകതയെന്ന് എനിക്ക് പറയാനാകില്ലല്ലൊ,” ഗോപിനാഥ് കൂട്ടിച്ചേർത്തു.

വി സി നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീം കോടതി നിയമനം റദ്ദാക്കിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*