കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഉമ തോമസ് ചികിത്സയിലുള്ള കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. രക്തസമ്മർദ്ദത്തിലെ നേരിയ വ്യതിയാനം ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഉമ തോമസിന് നിലവിലെ ചികിത്സാരീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ട്. സിടി സ്കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. പ്രത്യേക മെഡിക്കല്‍ സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ട്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം, അപകടത്തെ തുടര്‍ന്ന് ജിസിഡിഎ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു.
സംഭവത്തിൽ സംഘാടകരായ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതാക്കൾ എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. അതിനിടെ നൃത്തപരിപാടിയുടെ സംഘാടകർക്ക് എതിരെ പരാതിയുമായി നൃത്താധ്യാപിക രംഗത്ത് എത്തി. പരിപാടിയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസായി 3500 രൂപ വാങ്ങി. സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നുവെന്നും നൃത്താധ്യാപിക പറഞ്ഞു.
Be the first to comment