പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും. പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക ലക്ഷ്യമിട്ടാണ് പാർട്ടി ചിഹ്നം വേണ്ടെന്ന്‌വെക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാലക്കാട് ഇടത് സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. നിരവധിയാളുകളാണ് പട്ടികയിൽ പരിഗണനയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീൽ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വലിയ രാഷ്ട്രീയമാണ് സരിൻ ഉയർത്തിക്കൊണ്ട് വരുന്നത്, പാലക്കാട് ഈ ഡീൽ നടപ്പാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Be the first to comment