കോഴിക്കോട് ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്. സ്റ്റേ ഓർഡർ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ രാജേന്ദ്രന്റെ സ്ഥലമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് രാജേന്ദ്രൻ തിരുവനന്തപുരത്തായിരുന്നു ചുമതലയേൽക്കേണ്ടത്.
ഡിസംബർ 9 ന് ആരോഗ്യവകുപ്പിറക്കിയ ഉത്തരവിൽ സ്ഥലം മാറി എത്തിയ ഡോ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ രാജേന്ദ്രൻ അതെ കസേരയിൽ തന്നെ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു ഇതോടെയാണ് പ്രശ്നത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെടുന്നത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.
സ്ഥലമാറ്റ ഉത്തരവിന് മുമ്പ് ഉദ്യോഗസ്ഥരെ കേൾക്കാത്ത ആരോഗ്യവകുപ്പ് നടപടിയെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് പരാതികൾ പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ സ്ഥലംമാറ്റ ഉത്തരവിൽ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു.
Be the first to comment