കോട്ടയം: നിറയെ മഞ്ഞപൂവുകളുമായി നഗരമധ്യത്തിൽ വിസ്‌മയക്കാഴ്‌ചയൊരുക്കി ഡ്രാഗൺഫ്രൂട്ട് തോട്ടം. ബേക്കർ ജംഗ്ഷന് സമീപം സിഎസ്‌ഐ സഭയുടെ അഞ്ചേക്കർ സ്ഥലത്താണ് ഡ്രാഗൺ പൂവിട്ടത്. കള്ളിമുൾചെടിയുടെ വിഭാഗത്തിൽപെട്ട ഡ്രാഗൺഫ്രൂട്ട് എന്നറിയപ്പെടുന്ന പിതായ ചെടി മൂന്ന് വർഷം മുമ്പാണ് കൃഷി ചെയ്യാനാരംഭിച്ചത്. 4,500 ചെടികൾ നട്ടു. അവയിൽ മിക്കതും പൂവിട്ടത് ഇക്കുറിയാണ്. സംസ്ഥാനത്തുതന്നെ ഇത്ര വിപുലമായ “ഡ്രാഗൺതോട്ടം’ അപൂർവമാണ്, അതും നഗരത്തിൽ.
തരിശുനിലങ്ങൾ കൃഷി ചെയ്യുകയെന്ന സഭയുടെ തീരുമാനപ്രകാരമാണ് ബിഷപ്പ് മലയിൽ സാബുകോശി ചെറിയാന്റെ മേൽനോട്ടത്തിൽ നഗരത്തിൽ തന്നെ തോട്ടമൊരുക്കിയത്. ബേക്കർ ക്യാമ്പസിലെ കൃഷി വിപുലപ്പെടുത്താനും വിളവിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാനും സഭ ആലോചിക്കുന്നുണ്ട്. ഫാ. അനീഷ് ഫിലിപ്പിന്റെ നേതൃത്വത്തിലാണ് കൃഷി. പച്ചപ്പ് നിറയുന്ന നഗരങ്ങൾ ഹരിതകേരളത്തിലേക്കുള്ള ചുവടുവെയ്‌പ്പാണ്.
Be the first to comment