
കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയിൽ ഹൈക്കോടതി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് രജിസ്ട്രാർ ടി.എ. സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. അസി. രജിസ്ട്രാർ ടി.എ സുധീഷാണ് നാടകം രചിച്ചത്.
വൺ നാഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്ന നാടകമാണ് വിവാദമായി മാറിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 9 മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി. ഹൈക്കോടതി ജീവനക്കാരും അഡ്വ. ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലാർക്കുമാരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നൽകിയ പരാതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നടപടിയെടുത്തത്. വിജലൻസ് രജിസ്ട്രാർ വിഷയത്തിൽ അന്വേഷണം നടത്തും.
Be the first to comment