ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും?; ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ തേടി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ. നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.

പുതിയതായി വിദേശ പരിശീലകന്‍ എത്തുന്നതിലുള്ള സാധ്യതയും ജയ് ഷാ തള്ളിക്കളഞ്ഞില്ല. ‘ദ്രാവിഡിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയില്ല. അത് ബിസിസിഐയുടെ ഉപദേശക സമിതിയായ സിഎസി (ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി) ആണ് തീരുമാനിക്കുന്നത്.’ ജയ് ഷാ പറഞ്ഞു.

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കായി ബോര്‍ഡ് വ്യത്യസ്ത പരിശീലകരെ പരിഗണിക്കില്ലെന്നും ജയ് ഷാ സൂചന നല്‍കി. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുകള്‍ തുടങ്ങിയ കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*