ഷിരൂർ (കർണാടക) : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഡ്രഡ്‌ജിങ് കമ്പനിയുമായുള്ള കരാർ 7 ദിവസത്തേക്ക് കൂടി നീട്ടാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ദൗത്യം ഏകോപിപ്പിക്കാനായി റിട്ട. മേജർ ജനറൽ ഡോ. ഇന്ദ്ര ബാലും ഇന്ന് നേരിട്ട് ഷിരൂരിൽ എത്തും.
തെരച്ചിലിനായി ഇന്ന് രാവിലെ 11 മണിയോടെ നാവികസേന ഷിരൂരിലെത്തി. തെരച്ചിലിന് അനുമതി ലഭിച്ചതോടെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ ഷിരൂരിലേക്ക് മടങ്ങിയെത്തും. അർജുന്‍റെ ട്രക്ക് കണ്ടെത്തിയ സ്ഥാനത്തെ മണ്ണ് ഇന്ന് പൂർണമായും നീക്കാൻ കഴിയുമെന്നാണ് ദൗത്യ സംഘത്തിന്‍റെ പ്രതീക്ഷ. ഡ്രഡ്‌ജറിന് പുറമെ നേവി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഈശ്വർ മൽപെ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് തെരച്ചിൽ നടക്കും.
ഇന്നലെ വൈകുന്നേരം ഡ്രഡ്‌ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. അസ്ഥി പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമോ, നാളെ രാവിലെയോ ഡിഎൻഎ പരിശോധന ഫലം പുറത്തുവരും. പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമേ അസ്ഥി മനുഷ്യരുടെതാണോ മറ്റേതെങ്കിലും ജീവിയുടേതാണോ എന്ന് വ്യക്തമാകുകയുള്ളൂ.
Be the first to comment