ദിവസവും കാപ്പി കുടിക്കുന്നത് പതിവാക്കാം, ദീര്‍ഘായുസ്സുണ്ടാകുമെന്ന് പഠനം

രാവിലെ കാപ്പി കുടിക്കുന്നത് ദിവസം തുടങ്ങാനുള്ള ഊര്‍ജം നല്‍കും എന്നാല്‍ ഈ ശീലം നിങ്ങളുടെ ആയുസ് കൂട്ടുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, ദിവസവും മിതമായി കാപ്പി കുടിക്കുന്ന ശീലം നിങ്ങൾക്ക് ആരോ​ഗ്യകരമായ രണ്ട് വർഷം ജീവിതത്തിൽ അധികം കിട്ടുമെന്ന് പോര്‍ച്ചുഗലിലെ കോയിംബ്ര സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.

പ്രായമാകുമ്പോള്‍ ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതിൽ കാപ്പിയിൽ അടങ്ങിയ സംയുക്തങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. കാപ്പിയുടെ ഉപഭോഗം ഹൃദ്രോഗം, വൈജ്ഞാനിക തകര്‍ച്ച, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുന്നതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നും ഏജിങ് റിസര്‍ച്ച് റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

1.8 വർഷത്തെ ശരാശരി ആരോഗ്യ വർധനവ് പതിവായി കാപ്പി കുടിക്കുന്നവരിൽ കണ്ടെത്തിയതായി ​ഗവേഷകർ പറഞ്ഞു. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച ആരോഗ്യകരമാകുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആന്റി-ഓക്‌സിഡന്‍റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ കാപ്പിയിൽ 2000-ലധികം ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മിശ്രിതമുണ്ട്. ഇത് ന്യൂറോ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കൂടാതെ കാപ്പിക്ക് ആന്റി-ഏജിങ് ഗുണങ്ങളുണ്ട്. ജീനോമിക് അസ്ഥിരതയും സെല്‍ മ്യൂട്ടേഷനും ഉള്‍പ്പെടെ പ്രായമാകുന്നതിന് കാരണമാകുന്ന ജൈവ പ്രക്രിയകളെ കാപ്പിയിൽ അടങ്ങിയ സംയുക്തങ്ങൾ തടയുന്നു. പ്രായമായവര്‍ കാപ്പി കുടിക്കുന്ന ശീലം പരിമിതപ്പെടുത്തണമെന്ന് മുന്‍കാലങ്ങളില്‍ ആരോഗ്യവിദഗ്ധര്‍ ഉപദേശിച്ചിരുന്നതിനെ പുനര്‍വിചിന്തനം ചെയ്യുന്നതാണ് ഈ പഠനം. എന്നാൽ കാപ്പി ആരോഗ്യഗുണങ്ങളെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പഠനത്തില്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*