തലസ്ഥാനത്തെ കുടിവെള്ളം പ്രതിസന്ധി; കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കർ ഒരുക്കിയിട്ടുണ്ട്. ക്യൂ നിൽക്കാതെ വെള്ളം എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കും. ഇന്നലെ പണി നടക്കുന്ന സ്ഥലം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചിരുന്നു. പണി നീണ്ടുപോകുമെന്ന് വാട്ടർ അതോറിറ്റി കരുതിയില്ല. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലത്തെ ചർച്ചയിൽ വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയതാണ്. രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു. തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്.

വിഷയത്തില്‍ ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയേറ്റില്‍ മാര്‍ച്ച് നടത്തി. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*