കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും താനും തമ്മിലുള്ള തര്‍ക്കത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദുവിന്റെ ആരോപണം. മെമ്മറി കാര്‍ഡ് താന്‍ എടുത്തുവെന്നാക്കി തീര്‍ക്കാന്‍ പോലീസ് ശ്രമം നടക്കുന്നുവെന്നും യദു ആരോപിച്ചു. തെറ്റ് എന്റെ ഭാഗത്താണെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കം. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എന്താണ് മേയറെ ചോദ്യം ചെയ്യാത്തത്.

ഇപ്പോഴുള്ള അന്വേഷണസംഘത്തെ മാറ്റണമെന്നും ഡ്രൈവര്‍ യദു ആവശ്യപ്പെട്ടു. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടര്‍ സുബിനെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തമ്പാനൂര്‍ പോലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്തതത്. സംഭവ സമയം യദു ഓടിച്ചിരുന്ന ബസിന്റെ കണ്ടക്ടറാണ് സുബിന്‍. തര്‍ക്കത്തിന്‍റെയും ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഇതടങ്ങിയ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പോലീസ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. മേയര്‍ക്കും എംഎല്‍എക്കുമെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. എന്നാല്‍, മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ മേയറെ ചോദ്യം ചെയ്യണമെന്നാണ് ഇപ്പോള്‍ ഡ്രൈവര്‍ യദുവിന്റെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*