ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്ക് താമസസൗകര്യം വേണം ; ഇല്ലെങ്കില്‍ നടപടിയെന്ന് ടൂറിസം വകുപ്പ്

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് താമസ, വിശ്രമ, ശൗചാലയസൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെയായിരിക്കും ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. ഇതു പാലിക്കുന്നുണ്ടോയെന്ന് ടൂറിസം ഡയറക്ടര്‍ പരിശോധിക്കും.

ടൂറിസം മേഖലയിലെ ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി പ്രതിനിധികളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടെയും യോഗം നേരത്തേ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ടൂറിസം വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച ചെയ്തു. ഇതിനുശേഷമാണ് ഉത്തരവിറക്കിയത്.

അതിഥികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും മേഖല തിരിച്ചുള്ള ബോധവത്കരണ പരിപാടികള്‍ നടത്താനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. ടൂറിസം മേഖലയുടെ അവിഭാജ്യഘടകമായ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ദീര്‍ഘകാലാവശ്യമാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*