ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്നുമുതല്‍ നടപ്പാക്കാനിരിക്കെ സംസ്ഥാനവ്യാപകമായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. മലപ്പുറത്തും എറണാകുളത്തും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് അടച്ചിട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചു.

അപ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകില്ല എന്നാണ് കൊച്ചിയിലെ ഡ്രൈവിങ് സ്‌കൂളുകാരുടെ നിലപാട്. അതേസമയം, നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. മലപ്പുറത്ത് മാഫിയയുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയുവും രംഗത്തെത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ”ഒരുദിവസം ആറു മണിക്കൂര്‍ കൊണ്ട് 126 ലൈസന്‍സ് കൊടുക്കുകയാണ്. ലൈസന്‍സ് എടുക്കാനുള്ള സമയം പരിശോധിക്കണം. 

കൊടുക്കുന്ന ആള്‍ ശ്വാസംവിടാതെയാണ് ലൈസന്‍സ് കൊടുക്കുന്നത്. എങ്ങനെയാണ് അത്തരത്തില്‍ ലൈസന്‍സ് കൊടുക്കാന്‍ സാധിക്കുന്നത്? മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂളുകളുടേയും ഏജന്റുമാരുടേയും മാഫിയയുണ്ട്. ഇവരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മലപ്പുറത്ത് ആര്‍ടിഒ ഓഫീസ് ഭരിക്കുകയാണ്. മൂന്നുകോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. ഇവരെ തിരുവനന്തപുരത്ത് വരുത്തി പരിശോധിച്ചു. ആര്‍ക്കും തന്നെ വിജയിക്കാന്‍ സാധിച്ചില്ല. ലൈസന്‍സ് എന്ന് പറയുന്നത് ലൈസന്‍സ് ടു ഡ്രൈവ് എന്നാണ്, ലൈസന്‍സ് ടു കില്‍ എന്നല്ല”, എന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു രംഗത്തെത്തി. മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വംശീയമാണ് എന്നാണ് സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂറിന്റെ പ്രതികരണം. ”മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പ്രശ്‌നമാണ്. തൊപ്പിയും തലയില്‍ക്കെട്ടും കാണുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന പ്രശ്‌നമുണ്ടല്ലോ, അതായിരിക്കാനാണ് സാധ്യത. എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നതിനെ മാഫിയ സംഘമാണെന്ന് പറഞ്ഞാല്‍ പ്രതിഷേധമുണ്ട്. ഇവിടെ സിഐടിയുവാണ് പ്രതിഷേധിക്കുന്നത്, മാഫിയ അല്ല”, അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.

 പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുക്കുകയായിരുന്നു. റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. 

പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*