രണ്ടാം ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ഡി ആർ എസ് വിവാദം

സിൽഹെറ്റ്: ക്രിക്കറ്റിൽ വീണ്ടും ഡി ആർ എസ് വിവാദം.  ശ്രീലങ്കയും ബം​ഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ട്വന്റി 20യിലാണ് വിവാദ സംഭവം. ബംഗ്ലാദേശ് ബാറ്റർ സൗമ്യ സർക്കാർ പുറത്തായതാണ് വിവാദത്തിന് ഇടയാക്കിയത്. നാലാം ഓവറിലെ ആദ്യ പന്തിൽ ശ്രീലങ്കൻ പേസർ ബിനുര ഫെര്‍ണാണ്ടോയുടെ പന്തിൽ ബാറ്റുവെച്ച സൗമ്യ സർക്കാറിന് പിഴച്ചു. ബം​ഗ്ലാദേശ് താരത്തെ മറികടന്ന പന്ത് വിക്കറ്റ് കീപ്പർ കുശൽ മെൻഡിൻസിൻ്റെ കൈകളിൽ എത്തി.

ശ്രീലങ്കൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ അമ്പയർ ഔട്ട് വിളിച്ചു. എന്നാൽ സൗമ്യ സർക്കാർ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിവ്യു നൽകി. പിന്നാലെ ടെലിവിഷൻ റീപ്ലേയിൽ സൗമ്യ സർക്കാരിൻ്റെ ബാറ്റിൽ പന്ത് കൊണ്ടെന്ന് വ്യക്തമായിരുന്നു. റീപ്ലേ കണ്ട സൗമ്യ സർക്കാർ മടങ്ങാൻ തുടങ്ങിയതാണ്. എന്നാൽ ഫീൽഡ് അമ്പയർക്ക് ലഭിച്ച നിർദ്ദേശം നോട്ട് ഔട്ട് എന്നായിരുന്നു. ഇതോടെ സൗമ്യ സർക്കാർ തിരികെ ക്രീസിലെത്തി. പിന്നാലെ ശ്രീലങ്കൻ താരങ്ങൾ തീരുമാനത്തെ ചോദ്യം ചെയ്ത് രം​ഗത്തെത്തി. എങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. സംഭവത്തിൽ വിശദീകരണം തേടാനാണ് ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ തീരുമാനം.

പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നാണ് സൗമ്യ സർക്കാരിൻ്റെ വിശദീകരണം. അതുകൊണ്ടാണ് താൻ അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യു നൽകിയത്. ശ്രീലങ്കൻ താരങ്ങൾ കേട്ട ശബ്ദം മറ്റെന്തെങ്കിലും ആവാമെന്നും താരം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*