മദ്യലഹരിയില്‍ അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചു; പ്രതി പിടിയില്‍

കോട്ടയം: മദ്യലഹരിയിൽ അയൽവാസികളുടെ വീടുകൾ തീവെച്ചു നശിപ്പിച്ചു. റോഡ് പുറമ്പോക്കിൽ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാർഗമായ മുറുക്കാൻ കടകളുമാണ് വണ്ടിയിടിപ്പിച്ചും തീ വെച്ചും നശിപ്പിക്കുകയായിരുന്നു. അയൽവാസിയായ മാത്യു സ്കറിയ എന്ന ഷിബുവാണ് പരാക്രമം കാണിച്ചത്. അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി- വാഴൂർ റോഡു പുറമ്പോക്കിലാണ് വിജയൻ കൂര വെച്ച് താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയൻ താമസിച്ച ഷെഡ്ഡും കടയും വണ്ടിയിടിപ്പിച്ച് തകർത്തത്. ഇതിനു പിന്നാലെ തൊട്ടടുത്ത് റോഡു പുറമ്പോക്കിൽ താമസിക്കുന്ന അമ്മിണിയുടെ ഷെഡ്ഡും തീവെച്ചു നശിപ്പിച്ചു. ഷെഡ്ഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രതി മാത്യുവുമായി ഒരു വൈരാഗ്യവും വഴക്കും ഇല്ലെന്നാണ് വിജയൻ പറയുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ മാത്യു വീണ്ടും അക്രമം നടത്തുമോയെന്ന ആശങ്കയും അമ്മിണിക്കും വിജയനുമുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*