ദുബായ്: റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ചതായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ഒരു ബില്യൺ ദിർഹത്തിൻ്റെ ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ്’ എന്ന ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്. അമ്മമാരുടെ ക്ഷേമമാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ അമ്മമാരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ഫണ്ട് സ്വരൂപിക്കുക.
വിദ്യാഭ്യാസപരവും തൊഴിലധിഷ്ഠിതവുമായ സംവിധാനങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ അധഃസ്ഥിത സമൂഹങ്ങളിലെ വ്യക്തികളുടെ വിദ്യാഭ്യാസവും യോഗ്യതയും പിന്തുണയ്‌ക്കുക, ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സുസ്ഥിര മാർഗങ്ങൾ വാഗ്ദാനം ചെയ്യുക, തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് അവരെ ശാക്തീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
മാർച്ച് നാലിന് ക്യാംപയിൻ ആരംഭിക്കുമെന്ന് എക്സിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. ഈ ക്യാംപയിനിൽ എല്ലാവരും പങ്കാളികളാവണമെന്നും അറിയിച്ചു. ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചു. ‘സഹോദരന്മാരേ. . അനുഗ്രഹീതമായ ഒരു മാസം നമ്മെ തേടിയെത്തി. എമിറേറ്റ്‌സിലെ ജനങ്ങൾക്കായി ഒരു മാനുഷിക റമദാൻ ക്യാംപയിൻ ആരംഭിക്കുന്നു. ഇന്ന് ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ്’ എന്ന പേരിൽ എമിറേറ്റ്‌സിലെ അമ്മമാർക്ക് വേണ്ടി ഒരു ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതി ആരംഭിക്കുന്നു’, ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
Be the first to comment