ആലപ്പുഴയിൽ പക്ഷിപ്പനി; താറാവുകളെ നാളെ നശിപ്പിക്കും

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും(കളളിങ്). എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും, ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് കളളിങ് നടത്തുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താറാവിൻ്റെ മാംസം, മുട്ട എന്നിവയുടെ വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെയാണ് എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽ വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് വളർത്ത് താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയത്.

ഈ സാഹചര്യത്തിലാണ് ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ ജില്ലാ കളക്ടറുടെ യോഗത്തിൽ തീരുമാനിച്ചത്. ദ്രുത കർമ്മസേന രൂപീകരണവും അനുബന്ധ ഒരുക്കങ്ങളും പൂർത്തിയാക്കി നാളെ കളളിങ് നടത്തും. എടത്വയിലെ വരമ്പിനകത്ത് ഒരു കർഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്.

എടത്വയിലും ചെറുതനയിലുമായി 10 കർഷകരുടെ താറാവുകളെ കളളിങ് നടത്തേണ്ടിവരും. വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നഷ്ടപരിഹാരം നൽകും. ഇത് പര്യാപ്തമല്ലെന്ന് പരാതിയുണ്ട്. പക്ഷിപ്പനി സ്ഥിരീകിരിച്ചതോടെ താറാവുകൾ, അവയുടെ മാംസം, മുട്ട എന്നിവയുടെ വിൽപ്പന നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*