കുടുംബശ്രീ ജനകീയ ഹോട്ടല്‍ സബ്സിഡി കുടിശിക; 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി

തിരുവനന്തപുരം കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി നൽകാനുള്ള തുകയിൽ 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ധനവകുപ്പിൽ നിന്നു കുടുംബശ്രീക്കാണു തുക അനുവദിച്ചത്. ജനകീയ ഹോട്ടലുകൾക്കായി ഇതുവരെ 164.71 കോടി രൂപ അനുവദിച്ചു. 

കേന്ദ്ര സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകാനുള്ള വിഹിതം ചെലവഴിക്കുന്നതു സംബന്ധിച്ച നിബന്ധനകൾ വികേന്ദ്രീകൃതാസൂത്രണ മാതൃകയുടെ അന്തഃസത്തയ്ക്ക് എതിരാണെന്ന് മന്ത്രി ആരോപിച്ചു. വളരെ തുച്ഛമായ വിഹിതം തരുന്ന പദ്ധതികൾക്കു പോലും പ്രധാനമന്ത്രിയുടെ പേര് അടിച്ചേല്പിക്കാനാണു ശ്രമമാണ് നടക്കുന്നത്. ലൈഫ് പദ്ധതിയിലെ വീടുകൾക്ക് കേന്ദ്രം നൽകുന്നത് തുച്ഛമായ തുകയായിട്ടും പിഎംഎവൈ പദ്ധതി പ്രകാരമുള്ള വീട് എന്ന് വീടിന്റെ ചുമരിൽ എഴുതിവയ്ക്കണമെന്നു ശഠിക്കുന്നത് അൽപത്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

2017 മുതൽ ഇതു വരെ 3,56,108 വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തിയായി. ഇതിൽ 1,12,031 വീടുകൾക്കു മാത്രമാണ് കേന്ദ്ര സഹായം ലഭിച്ചത്. വീടുകൾക്കുള്ള 4 ലക്ഷം രൂപ ധനസഹായത്തിൽ ഗ്രാമീണ മേഖലയിൽ 72,000 രൂപയും നഗരമേഖലയിൽ 1.5 ലക്ഷം രൂപയുമാണു കേന്ദ്രവിഹിതം. ബാക്കി തുക സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കുന്നതെന്നും രാജേഷ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*