ആർത്തവ വിരാമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനം

ആർത്തവ പ്രക്രിയ നിലക്കുന്നതിനെയാണ് ആർത്തവ വിരാമമെന്ന് വിളിക്കുന്നത്. സാധാരണ 45 മുതൽ 55 വയസുവരെയുള്ള കാലഘട്ടത്തിലാണ് മിക്ക സ്ത്രീകളിലും ആർത്തവ വിരാമം നടക്കുന്നത്. ആരാത്തവിരാമം സംഭവിക്കുന്നതോടെ സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് സമീപകാലത്തു നടത്തിയ ഒരു പഠനം പറയുന്നു. ഈ കാലഘട്ടത്തിൽ സ്ത്രീകളിലെ ലിപിഡ് പ്രൊഫൈലിൽ (കൊളസ്‌ട്രോൾ അളവിൽ) മാറ്റം സംഭവിക്കുകയും ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കാൻ കരണമാകുന്നതായും പഠനം കണ്ടെത്തി. സ്ത്രീകളിലെ 40 ശതമാനം മരണ കാരണം ഹൃദ്രോഗമാണെന്നും ഗവേഷകർ പറയുന്നു.

ആർത്തവ വിരാമത്തിന് ശേഷം ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നത് എന്തുകൊണ്ട്?

ആർത്തവ വിരാമം സംഭവിക്കുമ്പോൾ രക്തത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുകയും കൊളസ്ട്രോളിൽന്‍റെ അളവ് വർധിക്കുയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നതായി യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി (ഇഎസ്‌സി) നടത്തിയ പഠനം വെളിപ്പെടുത്തി. ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കൂട്ടാൻ കാരണമാകുന്നതായി യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെൻ്ററിലെ ഡോ സ്റ്റെഫാനി മൊറേനോ നടത്തിയ പഠനം വ്യക്തമാക്കുന്നു. ആർത്തവ വിരാമ സമയത്തും അതിനു ശേഷവും സാന്ദ്രത കുറഞ്ഞ ചീത്ത ലിപ്പോപ്രോട്ടീൻ (LDL) കണങ്ങൾ വർധിക്കുകയും ഉയർന്ന സാന്ദ്രതയുള്ള നല്ല ലിപ്പോപ്രോട്ടീൻ(HDL) കണങ്ങൾ കുറയുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ കൊറോണറി ആർട്ടറി ഡിസീസ് പോലുള്ള ഹൃദ്രോഗ സാധ്യത വർധിക്കുകയും ചെയ്യുന്നു.

സ്ത്രീകളുടെ മൊത്തം മരണ സംഖ്യയെടുത്താൽ അതിൽ 40 ശതമാനം ഹൃദ്രോഗങ്ങൾ (CVD) കാരണമാണ് സംഭവിക്കുന്നത്. അതേസമയം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങൾ (CVD) ഉണ്ടാകാനുള്ള സാധ്യത കുറവാണ്. താരതമ്യേന പുരുഷന്മാരിൽ കണ്ടുവരുന്നതിനേക്കാൾ പത്ത് വർഷം കഴിഞ്ഞാണ് സ്ത്രീകളിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നത്.

1246 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. പെരി ഗ്രൂപ്പ് (42 വയസ്), പോസ്റ്റ് ഗ്രൂപ്പ് (54 വയസ്), പ്രീ ഗ്രൂപ്പ് (34 വയസ്) എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പഠനം നടത്തിയത്. ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് (എൻഎംആർ) സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ ലിപിഡ് പ്രൊഫൈലുകൾ പരിശോധിക്കുകയും ചെയ്‌തു. കൂടാതെ 43 വയസ് പ്രായമുള്ള 1346 പുരുഷന്മാരെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ലിപ്പോപ്രോട്ടീൻ പ്രൊഫൈലിൽ കാര്യമായ പ്രതികൂല മാറ്റങ്ങൾ സംഭവിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയതയെന്ന് ഡോ മൊറേനോ പറഞ്ഞു. എൽഡിഎൽ കണങ്ങൾ വർധിക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആർത്തവവിരാമത്തിനുശേഷം, നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം. ആഴ്‌ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ഹൃദയം ആരോഗ്യത്തോടെ നിലനിർത്താൻ സമീകൃതാഹാരം ആഹാരം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. പൂരിതവും ട്രാൻസ് ഫാറ്റും നിങ്ങളുടെ രക്തസമ്മർദ്ദം, കൊളസ്‌ട്രോളിൻ്റെ അളവ്, രക്തത്തിലെ പഞ്ചസാര എന്നിവ വർധിക്കാൻ കാരണമാകുന്നു. അതിനാൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*