പന്തീരാങ്കാവ് ഗാർഹിക പീഡനം; പോലീസിനെതിരെ ഡിവൈഎഫ്ഐ

കോഴിക്കോട്: പന്തീരാങ്കാവ് നവ വധു ഗാർഹിക പീഡനത്തിരയായ കേസിൽ പോലീസിന് വീഴ്ച്ച പറ്റിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. പോലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാടാണ് പോലീസിൻ്റെതെന്ന് ഡിവൈഎഫ്ഐ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല എന്നും മുമ്പും സമാന അനുഭവം പന്തീരാങ്കാവ് പോലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

Be the first to comment

Leave a Reply

Your email address will not be published.


*