തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസ്സര്‍) തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യുബോര്‍ഡിന്റെ ചെയര്‍മാന്‍ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. സിന്‍ഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ.എസ്. ഷിജുഖാനെ ഇന്‍ര്‍വ്യൂബോഡ് ചെയര്‍മാനായി നിയമിച്ചതിനെതിരെ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് യു.ജി.സി. ചട്ടപ്രകാരം വി.സി. നിര്‍ദ്ദേശിച്ച സിന്‍ഡിക്കേറ്റ് അംഗവും സി.പി.എം. അധ്യാപക സംഘടന അംഗവുമായ സീനിയര്‍ വനിതാ പ്രൊഫസ്സറെ ഒഴിവാക്കി ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായി തീരുമാനിച്ചത്. ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ഏതാനും അധ്യാപകരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളായും നിശ്ചയിച്ചിട്ടുണ്ട്.
യു.ജി.സി. നിബന്ധന പ്രകാരം വിസിയോ 10 വര്‍ഷം പ്രൊഫസ്സര്‍ പദവിയിലുള്ള വി.സി. ചുമതലപ്പെടുത്തുന്നഅധ്യാപകനോ ആയിരിക്കണം ഇന്‍ര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യു.ജി.സി. വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വി.സിക്ക് പകരം പി.വി.സിയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ അധ്യക്ഷനാവുക.
എന്നാല്‍, ഇപ്പോള്‍ പി.വി.സി പദവി ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് വി.സിയോ വി.സി. ചുമതലപെടുത്തുന്ന സീനിയര്‍ പ്രൊഫസറോ സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ അധ്യക്ഷത വഹിക്കുന്ന രീതി പിന്തുടരുമ്പോഴാണ് കേരള സര്‍വകലാശാലയില്‍ ഡി.വൈ.എഫ്.ഐ. നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അനധ്യാപകരായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്റര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കുന്നത് യു.ജി.സി. വിലക്കിയിട്ടുമുണ്ട്.
യാതൊരു അധ്യാപനപരിചയമില്ലാത്ത ഒരാള്‍ അധ്യാപകരുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുന്നത് യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. രാഷ്ട്രീയം നോക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
Be the first to comment