കോട്ടയം: ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ഈ വർഷവും ഡിവൈഎഫ്ഐ ജീവാർപ്പണം രക്തദാന സേനയ്ക്ക് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കറിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. ബ്ലഡ് ബാങ്ക് മേധാവി ഡോ. സുമ എം എസ് ,ഡോ. ചിത്ര ജെയിംസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിജേഷ് കെ ബാബു, ജില്ലാ കമ്മിറ്റി അംഗം ദീപക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രക്തദാന രംഗത്തെ മാതൃകാപരമായ പ്രവർത്തനത്തിന് തുടർച്ചയായി എല്ലാ വർഷവും അർഹരാകുന്നത് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ്. 2022 ലെ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെയും പുരസ്കാരം ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിരുന്നു.
രക്തദാന രംഗത്ത് കൂടുതൽ സജീവമാകുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ ജീവാർപ്പണം എന്ന പേരിൽ ക്യാമ്പയിൻ ആരംഭിക്കുകയും അരലക്ഷം വോളണ്ടിയർമാരെ ഉൾപ്പെടുത്തി രക്തദാന സേന രൂപീകരിക്കുകയും ചെയ്തിരുന്നു. 2022 ഡിസംബർ 15 മുതൽ ദിവസവും 15 ൽ കുറയാതെ വോളണ്ടിയർമാർ മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ എത്തി രക്തം ദാനം ചെയ്യുന്നുണ്ട്.
Be the first to comment