അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ. അൻവറിന്റെ ആരോപണങ്ങൾ ആർഎസ്എസിനെ സഹായിക്കാനാണ്. കളി ഇടതുപക്ഷ രാഷ്ട്രീയത്തെ ചാരി വേണ്ട. അൻവറിനെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ ലൈക്കും കമൻ്റും കണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കാൻ അൻവർ ആയിട്ടില്ല. അൻവർ കാണാൻ പോകുന്നതേ ഉള്ളൂ. അദ്ദേഹത്തിന്റെ ഭീഷണികളെ അം​ഗീകരിക്കാൻ കഴിയില്ല. അൻവറിന് പല അജണ്ടകളുമുണ്ട്. നൂറുവർഷത്തെയും 150 വർഷത്തെയും കുടുംബ പാരമ്പര്യം കയ്യിൽ വച്ചാൽ മതി. ആരുടെ ഉപദേശപ്രകാരമാണ് അൻവർ ഇതിനൊക്കെ തുനിയുന്നത് എന്നോർക്കണം. മറുനാടൻ മലയാളിയുടെ മറുപതിപ്പായി അൻവർ മാറിയെന്നും അദ്ദേഹം ആരോപിച്ചു.

പി വി അൻവറിനെതിരെ മുഖ്യമന്ത്രിയുൾപ്പെടെ രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ അൻവറിന്റെ വാദങ്ങൾ തള്ളുന്നുവെന്നും വിശദമായ പ്രതികരണം പിന്നീടുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്കും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. പി വി അൻവറിന്റെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും ആരോപണങ്ങൾ വഴി പാർട്ടിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത ഇല്ലാതാക്കുകയും പാർട്ടിയെ ദുർബലപ്പെടുത്തുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം പി വി അൻവറിന്റെ ആരോപണങ്ങൾ കൊടുങ്കാറ്റായി മാറുന്നതിനിടെ ഉന്നയിച്ച ആരോപണങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർവ്വേ നടത്താനൊരുങ്ങുകയാണ് അൻവർ. ഏഴ് Yes / No ഉത്തരങ്ങൾ എഴുതാനുള്ള ചോദ്യമാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*