തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആര്യാ രാജേന്ദ്രനെതിരെ സൈബർ അതിക്രമം നടക്കുകയാണ്. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും സനോജ് പറഞ്ഞു. ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം. ആര്യാ രാജേന്ദ്രന് പകരം മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ വീര പരിവേഷം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മുണ്ട് പൊക്കി കാണിച്ചതിന് മുൻപ് കേസെടുത്തിട്ടുണ്ട്. മഹാനായ വ്യക്തിയായി ഡ്രൈവറെ മാറ്റുകയാണെന്നും വി കെ സനോജ് ആരോപിച്ചു. വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ വർഗീയ പ്രചരണമാണ് നടത്തിയത്. മെയ് മൂന്നിന് വർഗീയതയ്ക്കെതിരെ പാനൂരിൽ ഡിവൈഎഫ്ഐ യൂത്ത് അലേർട്ട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന്  പോലീസ്  പറഞ്ഞു.

ഇന്ന് നടത്തിയ പരിശോധനയില്‍  പോലീസ്  ബസിലെ ഡിവിആര്‍(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ്ന്  പോലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*