തിരുവനന്തപുരം : രണ്ടു വർഷത്തിലേറെയായി ആദിവാസി-ദലിത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻ്റുകൾ (ഇ-ഗ്രാൻ്റ്) നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 20-ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ആദിവാസി സംഘടനകൾ. ആദിവാസി ശക്തി സമ്മർ സ്‌കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആദിവാസി-ദലിത് തിയറ്റർ മൂവ്മെന്റിന്റെ ആദ്യ സംരംഭമായ ‘എങ്കളഒച്ചെ’ എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നിന്നും രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷാ കർത്താക്കളും ആദിവാസി ദലിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഗ്രാൻ്റുകൾ രണ്ടുവർഷത്തിലധികമായി മുടങ്ങിയതിനാൽ നിരവധി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹ ചര്യമുണ്ടെന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്.
കോഴ്‌സുകൾ കഴിഞ്ഞിട്ടും സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ട്യൂഷൻ ഫീസും മറ്റ് ഫീസുകളും ലഭിക്കാത്തതിനാൽ കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് ടിസി നൽകുന്നില്ല. പഠനകാലയളവിൽ കൃത്യസമയത്തു ഫീസ് നൽകാത്തതിനാൽ പരീക്ഷാ ഫീസുകൾ വിദ്യാർത്ഥി സ്വന്തം കൈയിൽ നിന്നും കൊടുക്കേണ്ടിവരുന്നു. ഹാൾ ടിക്കറ്റുകളും റിസൾട്ടും തടഞ്ഞു വെക്കുന്നതും സാധാരണമാണ്. പഠനകാലത്ത് ഉപജീവനത്തിന് ലഭിക്കേണ്ട ഹോസ്റ്റൽ അലവൻസുകൾ ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്നവർ നിരവധിയാണ്.
സർക്കാർ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3500 രൂപ, സ്വകാര്യഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടിക വർഗ്ഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയും മാത്രമാണ് സർക്കാർ വാഗ്‌ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്സം ഗ്രാന്റ്റ് (ഡിഗ്രി/പ്ലസ് ടു കാർക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നൽകുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു.
Be the first to comment