
ആത്മകഥ വിവാദത്തിൽ സിപിഐഎം നേതാവ് ഇപി ജയരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും താൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മൊഴിയായി നൽകിയതെന്ന് ഇപി ജയരാജൻ പറഞ്ഞു.
കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. കോട്ടയത്ത് നിന്നുള്ള പോലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരിൽ തെരഞ്ഞെടുപ്പ് ദിവസം ചില രേഖകൾ പ്രചരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജൻ പരാതി നൽകിയിരുന്നു. ഇതിലാണ് പോലീസ് ജയരാജന്റെ മൊഴിയെടുത്തത്. ത്മകഥ പ്രസിദ്ധീകരിക്കാൻ താൻ നിലവിൽ കോൺട്രാക്ടുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വാദം. ഇതുൾപ്പെടെ പോലീസ് വിശദമായി പരിശോധിക്കും.
സിപിഐഎമ്മിനേയും എൽഡിഎഫിനേയും ഉൾപ്പെടെ വിമർശിക്കുന്ന പരാമർശങ്ങൾ ഇ പിയുടെ ആത്മകഥയിൽ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
Be the first to comment