ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലായിരുന്നു ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഗണേശമൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ ഐസിയുവില്‍ നിന്നും വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ഈറോഡ് മണ്ഡലത്തില്‍ 2 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ഗണേശ മൂര്‍ത്തി മകന്‍ ധുരെയ്ക്ക് സുരക്ഷിത മണ്ഡലം നല്‍കാനായി ഡിഎംകെയില്‍ നിന്നും തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങുകയായിരുന്നു.

എന്നാല്‍ എംഡിഎംകെയില്‍ നിന്നും ഈറോഡ് സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഉദയനിധി സ്റ്റാലിന്‍റെ വിശ്വസ്തനായ കെ ഇ പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്‍റെ അനുയായികൾ പറയുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ​ഗണേശമൂർത്തിക്ക് സീറ്റ് നൽകാമെന്ന് പാർട്ടി നേതൃത്വം അനുനയ ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*